ഇന്റര്‍നെറ്റും കുടുംബ ബന്ധങ്ങളും

സി.അഞ്‌ജിത S.VM
MSc., MPhil
(ക്ലിനിക്കല്‍
സൈക്കോളജിസ്‌റ്റ്‌)

മൊബൈല്‍ഫോണ്‍ ഇല്ലാത്ത അവസ്ഥയെക്കുറിച്ച്‌ ഇപ്പോള്‍ മനുഷ്യന്‌ ചിന്തിക്കാനെ കഴിയൂകയില്ല. ഒരുനേരം ആഹാരം കഴിച്ചില്ലെങ്കിലും മനുഷ്യന്‌ ബുദ്ധിമുട്ടില്ല. മൊബൈലിന്‌ കേടുവന്നാല്‍ ആകെക്കൂടി ആധിയും പരവേശവുമാണ്‌. വല്ലാത്ത ഒരു അസ്വസ്ഥത മനസില്‍ പുകയും. ഇനി എന്തുചെയ്യും. നന്നാക്കാന്‍ പറ്റിയില്ലെങ്കില്‍ പുതിയത്‌ വാങ്ങുകതന്നെ ചെയ്യും. അതിനായി എങ്ങനെയും പണം കണ്ടെത്തും. അത്രയ്‌ക്ക്‌ അവശ്യഘടകമായി മൊബൈല്‍ മാറിയെങ്കില്‍ അതിന്റെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ തമസ്‌ക്കരിച്ചുകൊണ്ടല്ല ദൂഷ്യവശങ്ങള്‍ പറയുന്നത്‌. എന്നാല്‍ ഉപകാരത്തേക്കാള്‍ കൂടുതലും ഉപദ്രവമാണെന്ന്‌ നമ്മള്‍ മനസിലാക്കുന്നില്ല.
ഇന്ന്‌ മനുഷ്യന്റെ ജീവിത ചക്രത്തെതന്നെ മാറ്റിമറിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണുകളുടെ ഉപയോഗം സാധാരണയുള്ള ഫോണുകളെക്കാള്‍ വളരെ കൂടുതലാണ്‌. ലോകത്ത്‌ മൊബൈല്‍ ഉപഭോക്താക്കള്‍ 3.3 ബില്യണാണെന്നാണ്‌ ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. അതായത്‌ ജനസംഖ്യയുടെ 46 ശതമാനവും ഫോണ്‍ ഉപയോഗിക്കുന്നു. അതോടൊപ്പം ഇന്റര്‍നെറ്റിന്റെ ഉപയോഗം നമ്മുടെ സാമൂഹിക-സാംസ്‌കാരിക -സാമ്പത്തിക മുന്നേറ്റത്തിനുതന്നെ കൂടുതല്‍ പ്രയോജനകരമാകുന്നു. എന്നാല്‍ ഇതിന്റെ ദുരുപയോഗം വളരെ ചെറിയ ആള്‍ക്കാരുടെ ജീവിതത്തെത്തന്നെ നശിപ്പിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയോഗം ആവശ്യത്തിനും അനാവശ്യത്തിനുമായിട്ടുണ്ട്‌. അധികമായിട്ടുള്ള ഉപയോഗം മനുഷ്യന്റെ ജീവിതത്തെതന്നെ തകര്‍ക്കും. മനുഷ്യരില്‍ കൂടുതല്‍ മാനസിക സംഘര്‍ഷത്തിന്‌ ഇടവരുത്തുകയും ചെയ്യുന്നു.
പ്രശ്‌നബാധിത ഇന്റര്‍നെറ്റിന്റെ ഉപയോഗം അമേരിക്കയിലും യൂറോപ്പിലും കൂടിവരികയാണ്‌. 7.9 ശതമാനത്തില്‍ നിന്ന്‌ 25.2 ശതമാനമായി ഇത്തരത്തിലുള്ള ഇന്റര്‍നെറ്റ്‌ ഉപയോഗം ഇവിടങ്ങളില്‍ കൂടിയിട്ടുണ്ട്‌. മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇത്‌ 17.3 ശതമാനത്തില്‍ നിന്ന്‌ 23.6 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഏഷ്യയില്‍ 8.1 ശതമാനത്തില്‍ നിന്ന്‌ 50.9 ശതമാനമായിട്ടാണ്‌ ഉയര്‍ന്നത്‌. ചൈനയില്‍ 6 ശതമാനത്തില്‍ നിന്ന്‌ 10 ശതമാനത്തിലേക്കാണ്‌ ഉയര്‍ന്നത്‌. ഈ പഠനത്തില്‍ ഏഷ്യയിലാണ്‌ പ്രശ്‌നബാധിത ഇന്റര്‍നെറ്റിന്റെ ഉപയോഗം കൂടുതല്‍ എന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. സോഷ്യല്‍ നെറ്റുവര്‍ക്കിന്റെയും ഗെയിംസിന്റെയും ഉപയോഗമാണ്‌ ഇന്റര്‍നെറ്റിലൂടെ കൂടുതലും നടക്കുന്നത്‌. സോഷ്യല്‍ നെറ്റുവര്‍ക്കിലാണ്‌ കൂടുതല്‍പേര്‍ അടിമകളായിരിക്കുന്നത്‌. അവര്‍ക്ക്‌ ഇതില്‍നിന്നും മോചനം വളരെ അകലെയാണ്‌. നഗരപ്രദേശങ്ങളിലാണ്‌ ഇക്കൂട്ടര്‍ കൂടുതല്‍ ഉള്ളത്‌.
ഇന്റര്‍നെറ്റിനോട്‌ കൂടുതല്‍ ആഭിമുഖ്യമുള്ളവരുടെ കുടുംബത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. അവരില്‍ ഏറ്റവും ആദ്യംകാണുന്ന പ്രവണത മാതാപിതാക്കളോട്‌ അവര്‍ക്ക്‌ സ്‌നേഹം കുറയുന്നു. ഇതുവഴി മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധംകുറയുകയും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. കുട്ടികള്‍ എന്തിനും ഏതിനും ഇന്റര്‍നെറ്റിനെയാണ്‌ ആശ്രയിക്കുന്നത്‌. ഇത്തരക്കാരിലെ വ്യക്തിത്വത്തിലും മാറ്റങ്ങള്‍ ദൃശ്യമാണ്‌. അവര്‍ കൂടുതല്‍ നെഗറ്റീവ്‌ ചിന്താഗതിക്കാരും ദേഷ്യക്കാരും ആയിരിക്കും. നടക്കില്ലാത്ത പല കാര്യങ്ങളും അവര്‍ ആവശ്യപ്പെടുന്നതും കാണാം.
ചില ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക്‌ അടിമകളായവര്‍ ആത്മഹത്യ ചെയ്‌തത്‌ അടുത്തകാലത്താണ്‌. ആത്മഹത്യയിലേക്ക്‌ എത്തിക്കത്തക്കവിധത്തില്‍ ഉപഭോക്താക്കളെ അവര്‍ പലതരത്തില്‍ വശീകരിക്കുന്നുണ്ട്‌. ഇക്കൂട്ടരുടെ മനസും ഗെയിമുകള്‍ക്കൊപ്പം ചലിക്കുന്നു. കാരണം, ആദ്യം മുതലേ ഇതിനോട്‌ ഐക്യപ്പെട്ടുവന്നതിനാല്‍ ഗെയിമില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന ഒരു `പാവം’ ഉപഭോക്താവായി നമ്മളില്‍ പലരും മാറുന്നു. ഇവിടെയാണ്‌ മാതാപിതാക്കളുമായി ബന്ധം കുറയുന്നുവെന്ന പഠനത്തിന്‌ കൂടുതല്‍ സാധുത നല്‍കുന്നത്‌. അതുപോലെ ഇത്തരക്കാരില്‍ മദ്യപാനശീലവും കൂടുതലാണ്‌. ഇവര്‍ക്ക്‌ മ്ലാനത, ഉത്‌കണ്‌ഠ, മാനസിക പിരിമുറുക്കം എന്നിവയും കൂടുതലാണ്‌. ചിലര്‍ മാനസിക സംഘര്‍ഷം കുറയ്‌ക്കുവാനായി മയക്കുമരുന്നിലേക്കും വഴുതിവീഴുന്നു. മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്കും സ്വഭാവങ്ങള്‍ക്കും അടിമകളായവരെ പരിശോധിച്ചാല്‍ അവരില്‍ ഇന്റര്‍നെറ്റിന്റെ ഉപയോഗം വളരെ കൂടുതലാണെന്ന്‌ മനസ്സിലാക്കുവാന്‍ കഴിയും. മൗനികളായി പലരും മാറുന്നതായി മാതാപിതാക്കള്‍ പറയുമ്പോള്‍ അവര്‍ തങ്ങളുടെ മക്കളുടെ ഫോണുപയോഗത്തിന്റെ വ്യാപ്‌തി മനസ്സിലാക്കുന്നില്ല.
നമ്മള്‍ സാമൂഹിക ജീവിതത്തില്‍ കാണുന്ന ഒരു കാര്യമാണ്‌ യുവജനങ്ങളില്‍ പ്രത്യേകിച്ച്‌ കൗമാരക്കാരില്‍ ഫോണിനുള്ള സ്ഥാനം. ഒരുനിമിഷം ഫോണ്‍ വെറുതെ വയ്‌ക്കുവാന്‍ സമയമില്ല. ഏതുസമയവും കൗമാരക്കാര്‍ ഫോണിനൊപ്പമാണ്‌. സാമൂഹ്യ നെറ്റുവര്‍ക്കുകള്‍ തകരാറിലാകുമ്പോള്‍ ഇക്കാലയളവില്‍ കൗമാരക്കാര്‍ക്കൊപ്പം മുതിര്‍ന്നവരും അസ്വസ്ഥരാകുന്ന കാഴ്‌ച നമ്മള്‍ കണ്ടിട്ടുണ്ട്‌. ഇപ്പോള്‍ ഇന്റര്‍നെറ്റ്‌ പലസ്ഥലങ്ങളിലും സൗജന്യമാണ്‌. ഇന്റര്‍നെറ്റിന്‌ ന്യായമായ പണം മുടക്കി ഉപയോഗിച്ചിരുന്നപ്പോള്‍ ഇതിന്റെ ദൂഷ്യങ്ങള്‍ കുറഞ്ഞിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാംതന്നെ പല സ്ഥലങ്ങളിലും ഇന്റര്‍നെറ്റ്‌ സൗജന്യമാക്കിയതോടെ ഉപയോഗവും കൂടി. അതിനോടൊപ്പം ഒരുതലമുറയുടെ നാശവും ഒരുതരത്തില്‍ തുടങ്ങിയിട്ടുണ്ടെന്ന്‌ പറയേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റ്‌ വ്യാപകമായി ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥ നമ്മള്‍ പരിശോധിച്ചാല്‍ അവരുടെ കുടുംബബന്ധങ്ങളിലെ താളപ്പിഴകള്‍ ദൃശ്യമാകും. പലരും പറയും ഐ.റ്റി. മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ മാനസിക സംഘര്‍ഷം കൂടുതലാണെന്ന്‌. അവര്‍ ദിവസവും 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലിചെയ്യുന്നു.
ഇന്റര്‍നെറ്റ്‌ സ്വാധീനം കൂടുതലുള്ളവരെ പ്രത്യേക ചികിത്സയ്‌ക്ക്‌ വിധേയമാക്കി അവരിലെ മാനസിക പിരിമുറുക്കം കുറയ്‌ക്കുവാന്‍ കഴിയും. അവരുടെ ചിന്തകളെ പുനര്‍ ചിന്തനത്തിന്‌ വിധേയമാക്കിയാണ്‌ അത്‌ സാധ്യമാക്കുക. അതോടൊപ്പം കുടുംബത്തെയും ഉള്‍പ്പെടുത്തിയുള്ള ചികിത്സയിലൂടെ ഇത്തരക്കാരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും.

Leave a Comment

Your email address will not be published. Required fields are marked *